“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യർക്കുനേരേ കൊട്ടിയടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല, പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കുന്നതുമില്ല.
EN
Copywork
Malayalam OMCV · 23:13-36 Woe to the Hypocrites
Copywork is not a speed-typing drill but time to re-hold the words and flow of Scripture, one verse at a time. Your input is saved temporarily in this browser, and to your account when you are signed in.
Practice by section · Matthew
കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ വിധവകളെ ചൂഷണംചെയ്ത് അവരുടെ വീടുകൾ കവർന്നെടുക്കുന്നു. എന്നാൽ, മറ്റുള്ളവരെ കേൾപ്പിക്കേണ്ടതിന് ദീർഘമായി പ്രാർഥിക്കുന്നു. മറ്റുള്ളവർക്കു ലഭിക്കുന്നതിലും അതിഭീകരമായ ശിക്ഷ നിങ്ങൾക്കു ലഭിക്കും.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ഒരാളെ മതപരിവർത്തനം ചെയ്യാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. ആ വ്യക്തി നിങ്ങളോടൊപ്പം ചേർന്നാലോ; നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന നരകശിക്ഷയുടെ ഇരട്ടിക്ക് അവരെ അർഹരാക്കുന്നു.
“അന്ധന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ‘ഒരാൾ ദൈവാലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ദൈവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അയാൾ തന്റെ ശപഥം നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും,’ നിങ്ങൾ പറയുന്നു.
അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ?
ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു.
ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ?
അതിനാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്ന വ്യക്തി യാഗപീഠത്തെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി ആണയിടുന്നു.
ദൈവാലയത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവാലയത്തെയും അതിൽ നിവസിക്കുന്ന ദൈവത്തെയുംചൊല്ലി ആണയിടുന്നു.
സ്വർഗത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവസിംഹാസനത്തെയും അതിന്മേൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയുംകൊണ്ടാണ് ആണയിടുന്നത്.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു!
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ അകമോ അത്യാർത്തിയും സ്വാർഥതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വെള്ളപൂശി അലങ്കരിച്ച ശവക്കല്ലറകൾപോലെയാണ് നിങ്ങൾ. പുറമേ കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതെങ്കിലും അകമേ, അവ മരിച്ചവരുടെ അസ്ഥികളാലും സകലവിധ മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു.
അതുപോലെതന്നെ, നിങ്ങളും ജനമധ്യേ നീതിനിഷ്ഠരായി കാണപ്പെടുന്നു. പക്ഷേ, ഉള്ളിലോ കപടഭക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
“കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു.
‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു.
ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു.
നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക.
“സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും?
നിങ്ങളുടെ അടുത്തേക്കു പ്രവാചകന്മാരെയും വിജ്ഞാനികളെയും വേദജ്ഞരെയും ഞാൻ അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ ക്രൂശിൽ തറച്ചു കൊല്ലുകയും മറ്റുചിലരെ നിങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും.
അങ്ങനെ, നീതിനിഷ്ഠനായ ഹാബേലിന്റെ രക്തംമുതൽ ദൈവാലയത്തിനും യാഗപീഠത്തിനും മധ്യേവെച്ച് ബേരെഖ്യാവിന്റെ മകൻ സെഖര്യാവിനെ കൊന്ന് നിങ്ങൾ ചിന്തിയ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള സകലനീതിനിഷ്ഠരുടെ രക്തത്തിന്റെയും ഉത്തരവാദികൾ നിങ്ങൾ ആയിരിക്കും.
ഇവയെല്ലാം ഈ തലമുറമേൽ നിശ്ചയമായും വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.